
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ കോൺഗ്രസിന്റെ 'ഗ്ലാമർ ഗേളായി' അവതരിപ്പിച്ച മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന സി.പി.എം നൽകിയ പരാതിയിൽ, വൈഷ്ണയുടെ പേര് കമ്മിഷൻ നീക്കം ചെയ്തു.
ഹിയറിംഗിനു ശേഷം ഇന്നലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, 24 കാരിയായ വൈഷ്ണയെ ഒഴിവാക്കുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയെന്ന പ്രചാരണം നൽകിയാണ് കോൺഗ്രസ് വൈഷ്ണയെ രംഗത്തിറക്കിയത്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ മുട്ടടയിൽ വൈഷ്ണ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു.
വിവാദമായ വിലാസം
നഗരസഭയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലേ മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.
വൈഷ്ണയുടെ വോട്ടർ അപേക്ഷയിൽ കെട്ടിടത്തിന്റെ ടി.സി നമ്പർ 18/564 ആണ് നൽകിയിരുന്നത്.
എന്നാൽ ഈ നമ്പരിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും, വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നുമാണ് സി.പി.എം നൽകിയ പരാതി.
അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന തന്റെ പിതാവിന്റെ കുടുംബ വീട് മുട്ടടയിലാണെന്നാണ് കെ.എസ്.യു പ്രവർത്തകയും നിയമ വിദ്യാർത്ഥിനിയുമായ വൈഷ്ണ പറയുന്നത്. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളതെന്നും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പരും ഇതാണെന്നും അവർ വ്യക്തമാക്കി.
ടെക്നോപാർക്കിലെ ജോലി രാജിവച്ചാണ് വൈഷ്ണ മത്സരിക്കാൻ തീരുമാനിച്ചത്. കമ്മിഷന്റെ നടപടിക്കെതിരെ അപ്പീൽ നൽകാനാണ് വൈഷ്ണയുടെ തീരുമാനം.








